Tuesday, January 18, 2011

കഥയ മമഃ

Published 15.01.2011

  ഒരു സംഭാഷണമദ്ധ്യേ സാഹിത്യകാരി കൂടിയായ സുഹൃത്തു പറഞ്ഞു, 'ഇപ്പോള്‍ കഥകള്‍ക്കല്ല, അനുഭവങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവയ്ക്കാണ് വായനക്കാര്‍ കൂടുതല്‍. കാരണം, കഥകള്‍ പഴയതു പോലെ ജീവിതഗന്ധിയാകുന്നില്ല'. അതെ, ജീവിതത്തിന്റെ ചൂരും ചൂടും തേടി വായനക്കാര്‍ തട്ടകം മാറ്റുന്നതാവാം. അങ്ങനെയെങ്കില്‍ പിന്നെ അത്തരം കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകാത്തതെന്തുകൊണ്ടാണ്? ആരും എഴുതാത്തതുകൊണ്ടാവുമോ? അതോ നിലവാരമുള്ള കഥകള്‍ എന്നാല്‍ വായിച്ചാല്‍ അങ്ങനെയിങ്ങനെ പിടികിട്ടാത്ത, ദുരൂഹമായ വാക്കുകളും അര്‍ത്ഥതലങ്ങളും, കെട്ടിച്ചമച്ച സാഹചര്യങ്ങളും വേണം എന്ന അലിഖിത മുന്‍വിധി കൊണ്ടോ?

ഈയിടെ കാരൂര്‍, ഉറൂബ്, രാജലഷ്മി, എം.ടി, തുടങ്ങിയവരുടെ കഥാപ്രപഞ്ചത്തിലൂടെ ഒരു പുനര്‍സഞ്ചാരം നടത്തി. ഇല്ല, വര്‍ഷങ്ങള്‍ക്ക് അവയുടെ ആസ്വാദ്യതയ്ക്ക് ഒരു പോറലും ഏല്‍പ്പിക്കാന്‍ ആയിട്ടില്ല. നല്ല വെടിപ്പായി മനസ്സിലാകയും ചെയ്യുന്നു! അതെല്ലാം മലയാളികള്‍ നെഞ്ചിലേറ്റിയ പുസ്തകങ്ങളാണ് , ഇപ്പോഴും റീപ്രിന്റ് വരുന്നുണ്ട്. അത്തരം കഥകള്‍ വായിക്കപ്പെടുന്നു എന്നല്ലേ ഇതിനര്‍ത്ഥം?

ബ്ലോഗ് എന്ന സ്വയം പ്രസിദ്ധീകരണശാലയില്‍ കഥകളും കവിതകളും ഇഷ്ടം പോല. ഒന്നും മനസ്സിലാകാത്തവ, ഇത്തിരി ആലോചിച്ചാല്‍ മനസ്സിലാവുന്നവ, നന്നായി മനസ്സിലാവുന്നവ എന്നിങ്ങനെ. ഇതില്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്ന 'റോസാ പൂക്കള്‍ ' (http://rosappukkal.blogspot.com/). എന്ന കഥാബ്ലോഗിലൂടെ...

2009 ല്‍ കഥയെഴുത്ത് തുടങ്ങിയ റോസിലി ഇതുവരെ 25 കഥകള്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ഊര്‍മ്മിള എന്ന കഥയാണ് എന്നെ റോസാപൂക്കളിലെത്തിച്ചത്. ആകാശത്തു കണ്ണു ചിമ്മിയ ഒരു കുഞ്ഞു നക്ഷത്രത്തെ തന്റെ പ്രിയതമന്‍ ലഷ്മണന്റെ ദൂതാളായി കണ്ട്, അതിനോടു സംവദിക്കുന്നതിലൂടെയാണ് കഥ വിടരുന്നത്. ഊര്‍മ്മിളയുടെ ചോദ്യത്തിനുത്തരമായി നക്ഷത്രം പറയുന്നു- 'ഇതാണ് ഈ ഭൂമിയിലെ മനുഷ്യരുടെ ഒരു കാര്യം. സ്‌നേഹം മനസ്സിലാക്കുവാന്‍ അവര്‍ക്കു വളരെ പ്രയാസമാണ്. അവര്‍് എപ്പോഴും തെളിവുകള്‍ ആവശ്യപ്പെടും' വളരെ വളരെ ശരിയാണ്. സ്‌നേഹം മാത്രമല്ല, പല കാര്യങ്ങളും അങ്ങനെയാണ്, ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രമകരമാണ് ചെയ്തു എന്ന ബോദ്ധ്യപ്പെടുത്തല്‍.

' ഒറ്റക്കയ്യന്‍ അറുകൊല ' പെരുന്നാളും ഉത്സവുമുള്ള പഴയ കാല ഗ്രാമാന്തരീക്ഷത്തിലൂടെ കടന്ന് , പുറം മാന്യനായ ചേച്ചിയുടെ ഭര്‍ത്താവു മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന പത്താംക്ലാസ്സുകാരിയില്‍ അവസാനിക്കുന്നു. സ്വന്തം കുടുംബത്തില്‍ പോലും സുരക്ഷിതരല്ലാത്ത പാവം പാവം പെണ്‍കുട്ടികളില്‍ ഒരുവള്‍! നീളം കുറച്ചെങ്കില്‍ കഥ കൂടുതല്‍ ഹൃദ്യമാകുമായിരുന്നു.

കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍-' ജീവിതത്തില്‍ ഒരിക്കല് മാത്രം അനുഭവിച്ച സ്‌നേഹലോകത്തേക്ക് കുറച്ചു സമയത്തേക്ക് എന്നെ സ്‌നേഹിക്കുന്ന ഏതോ ശക്തി ഒന്നു കൂട്ടിക്കൊണ്ടു പോയി. അതിനായി ലോകം പോലും എനിക്കായി എന്റൊപ്പം പിന്നോട്ടു സഞ്ചരിച്ചു. എനിക്കായി മാത്രം.' കഥയുടെ ആശയം പഴയതു തന്നെ, പക്ഷേ സസ്‌പെന്‍സ് നിലനിര്‍ത്തി പുതുമയോടെ പറഞ്ഞിരിക്കുന്നു.

ചെറുപ്പത്തില്‍ ഇടിത്തീയായി വന്നു പതിച്ച വൈധവ്യം ചിരിച്ചുകൊണ്ട് നേരിട്ട സ്മിതയുടെ കഥയാണ് 'മരണത്തെ മനോഹരമാക്കുന്ന തിയറികള്‍.' 'വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് എന്നു എന്തേ എനിക്കു പറഞ്ഞു തരാതിരുന്നേ..?'മരിച്ചുപോയ ഭര്‍ത്താവിനോട് സ്മിതയുടെ ചോദ്യമാണിത്. അതിനു അവളെ ഭര്‍ത്താവു സ്‌നേഹപൂര്‍വ്വം ശാസിച്ചതിങ്ങനെ ' ജീവിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്‌നേഹം പങ്കു വെക്കപ്പെടുമോ എന്നോര്‍ത്തു മനസ്സു നീറിനടക്കുന്ന അവരെക്കാളേറെ സന്തോഷവതിയല്ലേ മരിച്ചുപോയ എന്നെ കറയില്ലാതെ സ്‌നേഹിക്കുന്ന നീ?പിന്നെന്തിനു നീ വിഷമിക്കണം..?' അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ക്കൊപ്പം അവ നേരിടാനുള്ള ശക്തിയും നമുക്കെവിടെ നിന്നോ ലഭിക്കും. ഓരോരുത്തര്‍ക്ക് ഓരോ രീതിയില്‍. സ്മിതയുടെ വഴി പക്ഷേ കൂട്ടുകാരുടെ ഭാര്യമാര്‍ക്ക് അലോസരമായി! അലക്‌സിന്റെ പഴയ കുടുംബപാരമ്പര്യവര്‍ണ്ണനകളൊന്നും കഥയുടെ തീം ആവശ്യപ്പെടുന്നില്ല എന്നു തോന്നി.

കേരളത്തിന്റേയും വടക്കേ ഇന്‍ഡ്യയുടേയും പശ്ചാത്തലത്തിലുള്ള കഥകള്‍ ഏറെയുണ്ട്. കൃഷ്ണപ്രിയയുടെ പ്രാക്കള്‍, കിളികളുടെ ഭാഷ, അനാഥാലത്തിലേക്ക് ഒരു സംഭാവന കൂടി എന്നിങ്ങനെ ചില കഥകള്‍ അത്രയൊന്നും രസിച്ചില്ല.വാര്‍്ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ പറയുന്ന 'ഒരു അമ്മക്കഥ'യ്ക്ക് കഥാകാരി നല്‍കിയ പിന്‍കുറിപ്പില്‍ നിന്ന്-'കഥയുടെ വിഷയം വളരെയധികം എഴുതപ്പെട്ട ഒന്നാണെങ്കിലും വിഷയത്തിന്റെ ഗൌരവം കൊണ്ട് മാത്രം ഇതെഴുതുവാന്‍ കാരണമായി. സ്‌നേഹം, കരുതല്‍ ഇവ മനുഷ്യന്‍ ഏതു പ്രായത്തിലും ആഗ്രഹിക്കുന്നതാണ്. ' ഇന്നു ഞാന്‍, നാളെ നീ!തിരക്കില്‍ ഓടുന്നതിനിടയില്‍ ഇതെല്ലാം ഓര്‍ക്കാന്‍ ആര്‍ക്കു നേരം?

'നിഹാരി മൗസി' ജീവിതം എന്ന തുടര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നു. ഒരു കാലത്ത് നമ്മെ ഏറ്റവും വിഷമിപ്പിച്ച അതേ കാര്യം പിന്നീട് നമ്മള്‍ തന്നെ മറ്റുള്ളവരോട് ചെയ്യുന്നു. 20 വയസ്സില്‍ കൈക്കുഞ്ഞുമായി ഉപേക്ഷിക്കപ്പെട്ട മൗസി, വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍ 20 വയസ്സുള്ള ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിക്കുമ്പോള്‍ അവന്റെ ഭാഗത്താണ് !അനുഭവിച്ച വേദനകള്‍ വര്‍ഷങ്ങള്‍ മായ്ച്ചു കളയുമായിരിക്കും, മനസ്സു കല്ലാകുമായിരിക്കും!

റോസിലിയുടെ കഥാവസന്തം 2011 ല്‍ കൂടുതല്‍ പൂത്തുലയട്ടെ! അവയ്ക്ക് അച്ചടിമഷി പുരളാനും ഇടയാകട്ടെ!

8 comments:

 1. റോസിലിയുടെ എച്ചു ചോത്തി , എന്നൊരു കഥയുണ്ട് ..ഏറ്റവും പുതിയ മറ്റൊരു കഥ യും ഇപ്പോള്‍ വന്നിട്ടുണ്ട് ..ഞാന്‍ റോസിലി ഫാന്‍ ആയിക്കഴിഞ്ഞു :)

  ReplyDelete
 2. നന്നായി മനസ്സിലാവുന്ന, ജീവിതഗന്ധിയായ കഥകൾ ഇനിയുമിനിയും റോസിലിയ്ക്കെഴുതാൻ കഴിയട്ടെ...
  ഈ പരിചയപ്പെടുത്തൽ കൂടുതൽ കരുത്തേകട്ടെ..

  ReplyDelete
 3. ഞാന്‍ കുറച്ച് നാള്‍ മുന്‍പ് ആണ് റോസാപൂക്കള്‍ വായിക്കാന്‍ തുടങ്ങിയത് .ആദ്യ വായനയില്‍ തന്നെ ഇഷ്ട്ടപ്പെട്ടു . വളരെ നല്ല കഥകള്‍ എഴുതുവാന്‍ റോസിലി ക്ക് സാധിക്കട്ടെ .ഈ പരിചയപ്പെടുത്തല്‍ കൂടുതല്‍ നന്നായി .

  ReplyDelete
 4. റോസാപൂക്കൾ ഞാൻ സ്ഥിരമായി സന്ദർശിക്കാറുണ്ട്, എനിക്ക് അവരുടെ എഴുത്ത് വളരെ ഇഷ്ടമാണ്, നന്നായി ഈ പരിചയപ്പെടുത്തൽ!

  ReplyDelete
 5. റോസിലിയെ വായിക്കാതിരിക്കാനാവില്ല. അത്രക്ക് മൂല്യമുണ്ട് ആ കഥകള്‍ക്ക്. റോസാപ്പൂക്കളെ മുന്‍പൊരിക്കല്‍ ബൂലോകസഞ്ചാരത്തിലൂടെ ഞാനും ഒന്ന് പരിചയപ്പെടുത്തിയിരുന്നു. ഒരേ സ്വഭാവമുള്ള പോസ്റ്റായതിനാല്‍ ലിങ്ക് ഇവിടെ ഇടുന്നു. മൈത്രേയി ചേച്ചി ക്ഷമിക്കുക.

  http://boolokasancharam.blogspot.com/2010/08/blog-post.html

  ReplyDelete