Sunday, January 2, 2011

പരോപകാരാര്‍ത്ഥം..

പുതുവത്സര പോസ്റ്റ്‌ 
                         
മലയാളം ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ അപ്പുവിന്റെ 'ആദ്യാക്ഷരി' ആണ് ഷാജി മുള്ളൂക്കാരന്റെ 'ഇന്ദ്രധനുസ്സ്' ( http://indradhanuss.blogspot.com/  ) ബ്ലോഗിലേക്കു നയിച്ചത്. പിന്നീട് മൂന്നു കോളമുള്ള ടെംപ്ലേറ്റ് വേണമെന്നു തോന്നിയപ്പോള്‍, എന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് കോപ്പി ,പേസ്റ്റില്‍ നിന്നു രക്ഷ വേണം എന്നു തോന്നിയപ്പോള്‍ ഓടി എത്തിയത് അവിടെ തന്നെ. നാളുകള്‍ കഴിഞ്ഞാണ് ബ്ലോഗര്‍.കോം  ഞാനാശിച്ച ടെംപ്ലേറ്റ് തന്നത്. കോപ്പി അടിയ്ക്കാനും മാത്രം മാഹാത്മ്യം എന്റെ പോസ്റ്റുകള്‍ക്കില്ല എന്ന് അപ്പോഴേയ്ക്കും എനിക്കു വിവരവും വച്ചിരുന്നു!

'എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു . ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസ ത്തോടെ ' ഷാജി മലയാളം ഇന്റര്‍നെറ്റ് ലോകത്തിനു നല്‍കുന്ന ഈ സ്‌നേഹസമ്മാനത്തില്‍ ബ്ലോഗ് എങ്ങനെ തുടങ്ങാം, ടെംപ്ലേറ്റുകള്‍, ബ്ലോഗ് ടിപ്‌സ് എന്നിങ്ങനെ മൂന്നായി തരം തിരിച്ച് വിഷയസൂചിക നല്‍കിയിട്ടുണ്ട്. നമുക്കു വേണ്ടവ തെരഞ്ഞെടുക്കാം.

ഷാജിക്ക് ബ്ലോഗുകള്‍ ആറ്. 'വര്‍ഷമോഹിനി'യില്‍ പ്രണയവും ഓര്‍മ്മത്തുണ്ടുകളും ആണ്. 'മേഘതീര്‍ത്ഥം' ഫോട്ടോകളെങ്കില്‍ 'നരിക്കോട്' സ്വന്തം ഗ്രാമത്തുടിപ്പാണ്. വളരെ പ്രയോജനകരമാണ് 'മലയാളം ടൈപ്പിംഗ് ടൂള്‍ '
(  http://malayalamonly.com/malayalam_tool/ml_type.html ). ' ente kEraLam ethra sundaram' ടൈപ്പു ചെയത്‌പ്പോള്‍ 'എന്റെ കേരളം, എത്ര സുന്ദരം' എന്നു സ് ക്രീനില്‍ തെളിഞ്ഞു. ke-കെ, kE- കേ, l-ല, L-ള എന്നിങ്ങനെ ഇത്തിരി ശ്രദ്ധിച്ചാല്‍ അക്ഷര പിശാചില്ലാതെ വേഗം ടൈപ്പു ചെയ്യാനാകും. മലയാളം പത്രങ്ങള്‍, മഷിത്തണ്ട് ഡിക്ഷണറി, വിക്കി മലയാളം എന്നിങ്ങനെ ഉപകാരപ്രദമായ ലിങ്കുകള്‍ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. 

ഗൂഗിള്‍ ബസ് ചര്‍ച്ചകളില്‍ ഞാന്‍ അത്ര ആക്ടീവ് ഒന്നുമല്ല, പക്ഷേ പലതും വായിക്കാറുണ്ട്. വിവരം വര്‍ദ്ധിക്കും, ചുറ്റും നടക്കുന്നതിനെ കുറിച്ച് അറിയാം.   ഷാജിയുടെ നവം 27 ലെ ബസില്‍ നിന്ന് കുറച്ചു ഭാഗം. (പ്രൊഫെല്‍- http://www.google.com/profiles/mullookkaaran#buzz) 

'സിയാബിനെ പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്നവനാണ് ഞാനും. സ്‌കൂളില്‍ പോകുന്ന കാലത്ത് ഉച്ചയ്ക്ക് കുഴല്‍ക്കിണര്‍ വെള്ളം മാത്രം കുടിച്ചും, ഫീസ് കൊടുക്കാന്‍ വാഹനങ്ങള്‍ കഴുകി പൈസ ഉണ്ടാക്കുകയും ചെയ്ത ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. സമാനമായ അവസ്ഥയിലൂടെ വളര്‍ന്നു വന്ന ആയിരക്കണക്കിന് പേരെ കാണിച്ചു തരാം. അങ്ങിനെ ഒക്കെ ആണ് വളര്‍ന്നു വന്നത് എന്നത് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള കാരണങ്ങളായി പറയാമോ?  '  ഒരിക്കലും പറ്റില്ല. മുണ്ടു മുറുക്കി ഉടുത്തു നേടിയ അറിവ് മറ്റുള്ളവര്‍ക്കും കൂടി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ഷാജിയ്ക്ക് മൂന്നു ചിയേഴ്‌സ്!

രാജ്യം ആക്രമിക്കുന്നവരെ സ്വാതന്ത്ര്യ പോരാളികളെന്നു വിളിച്ച പത്രവാര്‍ത്തയെ കുറിച്ച്, ചങ്ങമ്പുഴ ശതാബ്ദിയെ കുറിച്ച്, നിര്‍ബന്ധപൂര്‍വ്വം നമ്മുടെ മൊബൈലിലേക്ക് ഇടിച്ചുകയറുന്ന പരസ്യകോളുകളെ കുറിച്ച് എല്ലാം ഷാജിയുടെ ബസുകളില്‍ വായിക്കാം.

ഷാജിക്കും വായനക്കാര്‍ക്കും സര്‍വ്വായുരാരോഗ്യ സമ്പല്‍ സമൃദ്ധി നിറഞ്ഞ, ആഗ്രഹപൂര്‍ത്തീകരണത്തിന്റെ 2011 ആശംസിക്കുന്നതിനൊപ്പം പഴമയിലേക്കു തിരിഞ്ഞു നോക്കുന്ന രസകരമായ ഒരു ആംഗലേയ ഫോര്‍വേഡഡ് മെസേജില്‍ നിന്ന് അല്‍പ്പം-പഴയ തലമുറക്കാരോ നിങ്ങള്‍, എങ്കില്‍ ഇതു നിങ്ങളെ പറ്റിയാണ്.

'പുതുതലമുറ നമ്മെ പറ്റി എന്തും വിചാരിക്കട്ടെ, നമ്മള്‍ വിസ്മയമാണ്, നമ്മുടെ ജീവിതം അതിനു തെളിവാണ്! ഞങ്ങള്‍ കുപ്പികളില്‍ നിന്നല്ല, നേരേ ഗാര്‍ഡന്‍ ഹോസുകളില്‍ നിന്നു വെള്ളം കുടിച്ചു, ഒരേ സോഫ്റ്റ് ഡ്രിങ്ക കുപ്പി ഞങ്ങള്‍ നാലു പേര്‍ പങ്കിട്ടു, പക്ഷേ അത്ഭുതം, ഞങ്ങള്‍ ആരും രോഗബാധിതരായില്ല, മരിച്ചില്ല! പഞ്ചസാരയും വെണ്ണയും ചേര്‍ത്ത ധാരാളം പലഹാരം ഞങ്ങള്‍ കഴിച്ചു, പക്ഷേ ആരും അമിതവണ്ണം വച്ചില്ല. എന്തുകൊണ്ട്?

കാരണം, ഞങ്ങള്‍ എപ്പോഴും വീടിനു പുറത്താണു കളിച്ചിരുന്നത്, രാവിലെ നടന്നു സ്‌കൂളില്‍ പോയി, സ്‌കൂള്‍ വിട്ട് തെരുവുവിളക്കു തെളിയും വരെ കളിച്ചു, ഞങ്ങള്‍ പകല്‍ എവിടെയാണ് എന്നു മാതാപിതാക്കള്‍ക്ക് നിശ്ചയമില്ലായിരുന്നു, കാരണം ഞങ്ങള്‍ക്ക് സെല്‍  ഫോണുകള്‍ ഇല്ലായിരുന്നുവല്ലോ! മണിക്കൂറുകള്‍ ചെലവിട്ട് നാടന്‍ വണ്ടി ഉണ്ടാക്കി, വണ്ടി കുന്നില്‍ നിന്ന് ഉരുണ്ടുരുണ്ട് താഴെ പോയി ഇടിച്ചു നിന്നപ്പോഴാണ്് ബ്രേക്ക് വച്ചില്ല എന്നു ശ്രദ്ധിച്ചത്, അങ്ങനെ ബ്രേക്ക് വയ്ക്കണം എന്നു പഠിച്ചു.

ഞങ്ങള്‍ക്കു കളിക്കുവാന്‍ എക്‌സ് ബോക്‌സുകളോ കളി ഉപകരണങ്ങളോ വിഡിയോ ഗെയിംസോ ഇല്ലായിരുന്നു.150 ചാനല്‍ കേബിളോ ,ഡിവിഡികളോ, കംപ്യൂട്ടറുകളോ, ഇന്റര്‍നെറ്റോ ചാറ്റ് റൂമുകളോ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മരത്തില്‍ നിന്നു വീണു, എല്ലു പൊട്ടി, പല്ലു പൊട്ടി, പലപ്പോഴും മുതിര്‍ന്നവരില്‍ നിന്ന് കൈകൊണ്ടോ വടി കൊണ്ടോ തല്ലു കിട്ടി, പക്ഷേ ഞങ്ങളാരും ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചില്ല! ഞങ്ങള്‍ നിയമം തെറ്റിച്ചപ്പോള്‍ മാതാപിതാക്കള്‍ ഞങ്ങളുടെ പക്ഷത്തു നിന്നില്ല, പകരം അവര്‍ നിയമത്തിനൊപ്പം നിന്നു! സ്വാതന്ത്ര്യം, വിജയം പരാജയം, ചുമതലകള്‍ എല്ലാം വേണ്ടു വണ്ണം ഞങ്ങള്‍ കൈകാര്യം ചെയ്തു....... സ്ഥലപരിമിതിയാല്‍ നിര്‍ത്തുന്നു.
(ആത്മന്‍-മാതാപിതാക്കള്‍ എന്നതിന് പേരന്റ്‌സ് എന്ന പോലെ മലയാളത്തില്‍ ഒരു കുഞ്ഞു ഒറ്റവാക്കുണ്ടായിരുന്നെങ്കില്‍!)

       

6 comments:

 1. പുതുവത്സരാശംസകൾ.

  ReplyDelete
 2. ഇന്ദ്രധനുസ്സിൽ പോയി നോക്കി കെട്ടോ,നല്ല ഉപകാരമുള്ള ഒന്ന്‌! ഇങ്ങനെ മടി പിടിക്കാതെ, പരോപകാരാർത്ഥം എഴുതിയത് ഇവിടെ കോപ്പി ചെയ്യണം!

  ReplyDelete
 3. നന്ദി, ആഗ്രഹപൂര്‍ത്തീകരണത്തിന്റെ വര്‍ഷമാകട്ടെ താങ്കള്‍ക്കും 2011!
  ശ്രീനാഥന്‍-ഉത്തരവ്! ഇതാ പോസ്റ്റ് ഇട്ടിരിക്കുന്നു.

  ReplyDelete
 4. ഞാ‍ൻ വന്ന് വായിച്ചു.
  ഒരുപാട് വൈകി എന്നാലും........

  ReplyDelete
 5. ഒട്ടേറെ വൈകി എന്റെ സുഹൃത്തിനെ കുറിച്ചുള്ള ഈ പോസ്റ്റ് കാണാന്‍. മുള്ളൂക്കാരന്‍ ശരിക്ക് മലയാളം ബ്ലോഗേര്‍സിന് ഒരു വലിയ സഹായി തന്നെ. ഏതാണ്ട് സഞ്ചരിക്കുന്ന ടെക്മോക്രാറ്റ് എന്നു പറയാം. എന്റെ പോസ്റ്റുകളില്‍ ചില്ലക്ഷരം ഒരു പ്രശ്നമാവുന്നെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ മലയാളം ടൈപ്പിങ് ടൂള്‍ തന്ന് ഹെല്പ് ചെയ്തത് മുള്ളൂക്കാരനാണ്. ഇത്രയും യൂസര്‍ ഫ്രണ്ടിലിയായ ഒരു സോഫ്റ്റ് വെയര്‍ ഇല്ല. സിയാബ് കേസില്‍ മുഖ്യധാര പത്രം മാപ്പ് പറഞ്ഞെങ്കില്‍ അതിനു പിന്നില്‍ മുള്ളൂക്കാരന്റെയും കൂട്ടരുടേയും പ്രവര്‍ത്തനങ്ങള്‍ അത്രയധികമാണ്. അഭിനന്ദനങ്ങള്‍.

  ReplyDelete
 6. tks, echmu and manoraj!

  ReplyDelete