Tuesday, January 18, 2011

കഥയ മമഃ

Published 15.01.2011

  ഒരു സംഭാഷണമദ്ധ്യേ സാഹിത്യകാരി കൂടിയായ സുഹൃത്തു പറഞ്ഞു, 'ഇപ്പോള്‍ കഥകള്‍ക്കല്ല, അനുഭവങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവയ്ക്കാണ് വായനക്കാര്‍ കൂടുതല്‍. കാരണം, കഥകള്‍ പഴയതു പോലെ ജീവിതഗന്ധിയാകുന്നില്ല'. അതെ, ജീവിതത്തിന്റെ ചൂരും ചൂടും തേടി വായനക്കാര്‍ തട്ടകം മാറ്റുന്നതാവാം. അങ്ങനെയെങ്കില്‍ പിന്നെ അത്തരം കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകാത്തതെന്തുകൊണ്ടാണ്? ആരും എഴുതാത്തതുകൊണ്ടാവുമോ? അതോ നിലവാരമുള്ള കഥകള്‍ എന്നാല്‍ വായിച്ചാല്‍ അങ്ങനെയിങ്ങനെ പിടികിട്ടാത്ത, ദുരൂഹമായ വാക്കുകളും അര്‍ത്ഥതലങ്ങളും, കെട്ടിച്ചമച്ച സാഹചര്യങ്ങളും വേണം എന്ന അലിഖിത മുന്‍വിധി കൊണ്ടോ?

ഈയിടെ കാരൂര്‍, ഉറൂബ്, രാജലഷ്മി, എം.ടി, തുടങ്ങിയവരുടെ കഥാപ്രപഞ്ചത്തിലൂടെ ഒരു പുനര്‍സഞ്ചാരം നടത്തി. ഇല്ല, വര്‍ഷങ്ങള്‍ക്ക് അവയുടെ ആസ്വാദ്യതയ്ക്ക് ഒരു പോറലും ഏല്‍പ്പിക്കാന്‍ ആയിട്ടില്ല. നല്ല വെടിപ്പായി മനസ്സിലാകയും ചെയ്യുന്നു! അതെല്ലാം മലയാളികള്‍ നെഞ്ചിലേറ്റിയ പുസ്തകങ്ങളാണ് , ഇപ്പോഴും റീപ്രിന്റ് വരുന്നുണ്ട്. അത്തരം കഥകള്‍ വായിക്കപ്പെടുന്നു എന്നല്ലേ ഇതിനര്‍ത്ഥം?

ബ്ലോഗ് എന്ന സ്വയം പ്രസിദ്ധീകരണശാലയില്‍ കഥകളും കവിതകളും ഇഷ്ടം പോല. ഒന്നും മനസ്സിലാകാത്തവ, ഇത്തിരി ആലോചിച്ചാല്‍ മനസ്സിലാവുന്നവ, നന്നായി മനസ്സിലാവുന്നവ എന്നിങ്ങനെ. ഇതില്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്ന 'റോസാ പൂക്കള്‍ ' (http://rosappukkal.blogspot.com/). എന്ന കഥാബ്ലോഗിലൂടെ...

2009 ല്‍ കഥയെഴുത്ത് തുടങ്ങിയ റോസിലി ഇതുവരെ 25 കഥകള്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ഊര്‍മ്മിള എന്ന കഥയാണ് എന്നെ റോസാപൂക്കളിലെത്തിച്ചത്. ആകാശത്തു കണ്ണു ചിമ്മിയ ഒരു കുഞ്ഞു നക്ഷത്രത്തെ തന്റെ പ്രിയതമന്‍ ലഷ്മണന്റെ ദൂതാളായി കണ്ട്, അതിനോടു സംവദിക്കുന്നതിലൂടെയാണ് കഥ വിടരുന്നത്. ഊര്‍മ്മിളയുടെ ചോദ്യത്തിനുത്തരമായി നക്ഷത്രം പറയുന്നു- 'ഇതാണ് ഈ ഭൂമിയിലെ മനുഷ്യരുടെ ഒരു കാര്യം. സ്‌നേഹം മനസ്സിലാക്കുവാന്‍ അവര്‍ക്കു വളരെ പ്രയാസമാണ്. അവര്‍് എപ്പോഴും തെളിവുകള്‍ ആവശ്യപ്പെടും' വളരെ വളരെ ശരിയാണ്. സ്‌നേഹം മാത്രമല്ല, പല കാര്യങ്ങളും അങ്ങനെയാണ്, ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രമകരമാണ് ചെയ്തു എന്ന ബോദ്ധ്യപ്പെടുത്തല്‍.

' ഒറ്റക്കയ്യന്‍ അറുകൊല ' പെരുന്നാളും ഉത്സവുമുള്ള പഴയ കാല ഗ്രാമാന്തരീക്ഷത്തിലൂടെ കടന്ന് , പുറം മാന്യനായ ചേച്ചിയുടെ ഭര്‍ത്താവു മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന പത്താംക്ലാസ്സുകാരിയില്‍ അവസാനിക്കുന്നു. സ്വന്തം കുടുംബത്തില്‍ പോലും സുരക്ഷിതരല്ലാത്ത പാവം പാവം പെണ്‍കുട്ടികളില്‍ ഒരുവള്‍! നീളം കുറച്ചെങ്കില്‍ കഥ കൂടുതല്‍ ഹൃദ്യമാകുമായിരുന്നു.

കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍-' ജീവിതത്തില്‍ ഒരിക്കല് മാത്രം അനുഭവിച്ച സ്‌നേഹലോകത്തേക്ക് കുറച്ചു സമയത്തേക്ക് എന്നെ സ്‌നേഹിക്കുന്ന ഏതോ ശക്തി ഒന്നു കൂട്ടിക്കൊണ്ടു പോയി. അതിനായി ലോകം പോലും എനിക്കായി എന്റൊപ്പം പിന്നോട്ടു സഞ്ചരിച്ചു. എനിക്കായി മാത്രം.' കഥയുടെ ആശയം പഴയതു തന്നെ, പക്ഷേ സസ്‌പെന്‍സ് നിലനിര്‍ത്തി പുതുമയോടെ പറഞ്ഞിരിക്കുന്നു.

ചെറുപ്പത്തില്‍ ഇടിത്തീയായി വന്നു പതിച്ച വൈധവ്യം ചിരിച്ചുകൊണ്ട് നേരിട്ട സ്മിതയുടെ കഥയാണ് 'മരണത്തെ മനോഹരമാക്കുന്ന തിയറികള്‍.' 'വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് എന്നു എന്തേ എനിക്കു പറഞ്ഞു തരാതിരുന്നേ..?'മരിച്ചുപോയ ഭര്‍ത്താവിനോട് സ്മിതയുടെ ചോദ്യമാണിത്. അതിനു അവളെ ഭര്‍ത്താവു സ്‌നേഹപൂര്‍വ്വം ശാസിച്ചതിങ്ങനെ ' ജീവിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്‌നേഹം പങ്കു വെക്കപ്പെടുമോ എന്നോര്‍ത്തു മനസ്സു നീറിനടക്കുന്ന അവരെക്കാളേറെ സന്തോഷവതിയല്ലേ മരിച്ചുപോയ എന്നെ കറയില്ലാതെ സ്‌നേഹിക്കുന്ന നീ?പിന്നെന്തിനു നീ വിഷമിക്കണം..?' അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ക്കൊപ്പം അവ നേരിടാനുള്ള ശക്തിയും നമുക്കെവിടെ നിന്നോ ലഭിക്കും. ഓരോരുത്തര്‍ക്ക് ഓരോ രീതിയില്‍. സ്മിതയുടെ വഴി പക്ഷേ കൂട്ടുകാരുടെ ഭാര്യമാര്‍ക്ക് അലോസരമായി! അലക്‌സിന്റെ പഴയ കുടുംബപാരമ്പര്യവര്‍ണ്ണനകളൊന്നും കഥയുടെ തീം ആവശ്യപ്പെടുന്നില്ല എന്നു തോന്നി.

കേരളത്തിന്റേയും വടക്കേ ഇന്‍ഡ്യയുടേയും പശ്ചാത്തലത്തിലുള്ള കഥകള്‍ ഏറെയുണ്ട്. കൃഷ്ണപ്രിയയുടെ പ്രാക്കള്‍, കിളികളുടെ ഭാഷ, അനാഥാലത്തിലേക്ക് ഒരു സംഭാവന കൂടി എന്നിങ്ങനെ ചില കഥകള്‍ അത്രയൊന്നും രസിച്ചില്ല.വാര്‍്ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ പറയുന്ന 'ഒരു അമ്മക്കഥ'യ്ക്ക് കഥാകാരി നല്‍കിയ പിന്‍കുറിപ്പില്‍ നിന്ന്-'കഥയുടെ വിഷയം വളരെയധികം എഴുതപ്പെട്ട ഒന്നാണെങ്കിലും വിഷയത്തിന്റെ ഗൌരവം കൊണ്ട് മാത്രം ഇതെഴുതുവാന്‍ കാരണമായി. സ്‌നേഹം, കരുതല്‍ ഇവ മനുഷ്യന്‍ ഏതു പ്രായത്തിലും ആഗ്രഹിക്കുന്നതാണ്. ' ഇന്നു ഞാന്‍, നാളെ നീ!തിരക്കില്‍ ഓടുന്നതിനിടയില്‍ ഇതെല്ലാം ഓര്‍ക്കാന്‍ ആര്‍ക്കു നേരം?

'നിഹാരി മൗസി' ജീവിതം എന്ന തുടര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നു. ഒരു കാലത്ത് നമ്മെ ഏറ്റവും വിഷമിപ്പിച്ച അതേ കാര്യം പിന്നീട് നമ്മള്‍ തന്നെ മറ്റുള്ളവരോട് ചെയ്യുന്നു. 20 വയസ്സില്‍ കൈക്കുഞ്ഞുമായി ഉപേക്ഷിക്കപ്പെട്ട മൗസി, വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍ 20 വയസ്സുള്ള ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിക്കുമ്പോള്‍ അവന്റെ ഭാഗത്താണ് !അനുഭവിച്ച വേദനകള്‍ വര്‍ഷങ്ങള്‍ മായ്ച്ചു കളയുമായിരിക്കും, മനസ്സു കല്ലാകുമായിരിക്കും!

റോസിലിയുടെ കഥാവസന്തം 2011 ല്‍ കൂടുതല്‍ പൂത്തുലയട്ടെ! അവയ്ക്ക് അച്ചടിമഷി പുരളാനും ഇടയാകട്ടെ!

Friday, January 14, 2011

എന്നെ തിരയുന്ന ഞാന്‍

(Published 08.01.2010 -Online link)
                                                            
മഹാകവി പി.യുടെ പുസ്തകമല്ല ഇവിടെ പ്രതിപാദ്യ വിഷയം, മറിച്ച് ആ പ്രയോഗത്തിന്റെ വാച്യാര്‍ത്ഥമാണ്. ജീവിതസഖാവിനോട്,ബോസിനോട, ചങ്ങാതിയോട്, നാം പലപ്പോഴും പരാതിപ്പെടാറുണ്ട്, ' എന്നെ മനസ്സിലാക്കുന്നില്ല' എന്ന്. പക്ഷേ ഒന്നു ചോദിക്കട്ടെ, 'നീ, നിന്നെ തന്നെ മുഴുവനായി മനസ്സിലാക്കിയിട്ടുണ്ടോ, അല്ലെങ്കില്‍ നിന്നെ നിനക്കറിയുമോ?' ഇല്ലേയില്ല എന്നതാണ് സത്യം.

1955ല്‍ അമേരിക്കക്കാരായ Joseph Luft -Harry Ingham ടീം വികസിപ്പിച്ചെടുത്ത 'ജൊഹാരിയുടെ ജാലകം' ( http://en.wikipedia.org/wiki/Johari_window) അവനവനെ സ്വയം അറിയാന്‍ സഹായിക്കും. അവനവനെ കൂടുതല്‍ നന്നായി അറിയുക എന്നാല്‍ കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും കൂടുതല്‍ തിളങ്ങുക എന്നര്‍ത്ഥം.

ഒരു സമചതുരം നാലു സമചതുരങ്ങളായി ഭാഗിച്ച്, ക്ലോക്കു വൈസ് ആയി നാലു മുറികളാക്കി ഭാഗിച്ചിരിക്കുന്നു. ചിത്രം കാണുക. വലിയ സമചതുരം നിങ്ങളെ പ്രതിനിധീകരിക്കുന്നു, നാലു കള്ളികള്‍ നിങ്ങളിലെ നിങ്ങളേയും. ഇവിടെ മുറികള്‍ എല്ലാം ഒരേ വലിപ്പത്തില്‍ കാണിച്ചിരിക്കുന്നെങ്കിലും അറിവുകള്‍ കൂടുന്തോറും ചില മുറികള്‍ വലുതാകും, ചിലതു ചെറുതാകും.
     1
F-\n¡pw
\n-§Ä¡pw
A-dn-bp-¶
Rm³
        2
F-\n-¡-dn-bm¯
\n§Ä-¡-dn-bp¶
Rm³

       4
F-\n-¡-dn-bp-¶,
\n-§Ä-¡-dn-bm-¯ Rm³
3
F-\n¡pw \n-§Ä-¡pw
A-dn-bm-¯ Rm³
മുറി ഒന്ന് -എന്നെ കുറിച്ച് എനിക്കും നിങ്ങള്‍ക്കും അറിയുന്ന കാര്യങ്ങളാണ് ഇവിടെ. അതായത് നമുക്കിടയിലെ തുറസ്സായ സ്ഥലം.

മുറി രണ്ട്- എന്നെ കുറിച്ച്, എനിക്കറിയാത്ത , നിങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ ആണ് ഇവിടെ. ഞാന്‍ അത് നിങ്ങളോടു ചോദിച്ചു ചോദിച്ച് കൂടുതല്‍ അറിയുമ്പോള്‍ ആദ്യത്തെ മുറിക്ക് വിസ്താരം കൂടും, രണ്ടാമത്തെ മുറിക്ക് കുറയും. മറ്റുള്ളവര്‍ക്കു നേരേ മുഖം തിരിച്ചു നിന്നാല്‍ ഇതു നടക്കില്ല. തുറന്ന മനസ്സോടെ നമ്മുടെ കൂടെയുള്ളവരെ സമീപിക്കുക, പല പുതിയ അറിവുകളും നമുക്കു നമ്മെ പറ്റി തന്നെ ലഭിക്കും. അല്ലെങ്കില്‍ അവര്‍ എന്നെ പറ്റി ഇങ്ങനെയാണ് കരുതുന്നത് എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയാം!

മുറി മൂന്ന്- ഇതാണു ശരിക്കും നിഗൂഢ മുറി. എനിക്കും നിങ്ങള്‍ക്കും അറിയാത്ത എന്റെ പല കഴിവുകളും ഇവിടെ ഒളിച്ചിരിക്കുന്നുണ്ട്. ഉദാ- പരസ്പരം ചര്‍ച്ച ചെയ്യുമ്പോള്‍ പലതിനെ പറ്റിയും പുതിയ മാനങ്ങള്‍ കൈ വരുന്നു, അന്നുവരെ നിങ്ങള്‍ കരുതിയിരുന്നതില്‍ നിന്നു വിഭിന്നമായി. ഈ മുറി വികസിപ്പിച്ചാല്‍ നിങ്ങളുടെ വ്യക്തിത്വം തന്നെ മാറിയെന്നിരിക്കും. ഉന്നതവിജയങ്ങള്‍ നിങ്ങളുടേതാകും.

മുറി നാല്- ഇത് എന്റെ മാത്രം സ്വകാര്യ ഇടമാണ്. ഞാന്‍ കൂടുതല്‍ നിങ്ങളോടു പറയുന്നതിനന്നുസരിച്ച് ഒന്നാം മുറിക്കു താഴേയ്ക്കു വലിപ്പം കൂടി വരും, ഈ മുറിയുടെ വലുപ്പം കുറഞ്ഞും വരും. പക്ഷേ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ അത്രയും അടുപ്പമുള്ളവരോടല്ലാതെ പറയേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു നാള്‍ നമ്മോടു പിണങ്ങിയാലും നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നമുക്കെതിരെ ആയുധമാക്കില്ല, വിളിച്ചു കൂവി നടക്കില്ല എന്ന് ഉറപ്പോടെ വിശ്വസിക്കാന്‍ കഴിയുന്നവരോടു മാത്രമേ ഇത്തരം കാര്യങ്ങള്‍ പറയാവൂ.

ജൊഹാരി ജാലകം പരീക്ഷിച്ച് അറിയുന്നതിനായി 55 വിശേഷണപദങ്ങളുണ്ട്, അതായത് നല്ല ഗുണങ്ങള്‍. ഒരു ഗ്രൂപ്പായിരുന്ന് ഇതു വച്ച് മറ്റുള്ളവരുടെ സഹായത്തോടെ നമുക്കു നമ്മെ അറിയാന്‍ ശ്രമിക്കാം. കൂടുതല്‍ വായനയ്ക്ക www.noogenesis.com/gametheory/johari/johari_window.html , www.joharigame.com/ , http://kevan.org/johari ഇവയെല്ലാം സന്ദര്‍ശിക്കാം.

'ജീവിതം പഠിപ്പിച്ച പാഠങ്ങള്‍' എന്ന പടം സഹിതമുള്ള നല്ല ആംഗലേയ ഫോര്‍വേഡഡ് മെയിലില്‍ നിന്ന്-

ഞാന്‍ പഠിച്ചു-

'നിങ്ങള്‍ കണ്ടുമുട്ടുന്നവര്‍ നിങ്ങളുടെ ഒരു പുഞ്ചിരി അര്‍ഹിക്കുന്നു എന്ന്'

'സ്‌നേഹമാണ് ,കാലമല്ല മുറിവുകള്‍ ഉണക്കുന്നത് എന്ന്'

'അവസരങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ല, എനിക്കു നഷ്ടപ്പെടുന്നത് മറ്റൊരാള്‍ക്കു ലഭിക്കുന്നുണ്ട് എന്ന്. '

' പുഞ്ചിരി നമ്മുടെ മുഖം മിനുക്കാനുള്ള ചെലവില്ലാത്ത വഴിയത്രേ.'

'ഉപദേശം രണ്ടേ രണ്ടു ഘട്ടങ്ങളിലേ നല്‍കാവൂ, ഒന്ന് ചോദിക്കുമ്പോള്‍ മാത്രം, രണ്ട്, ജീവാപായം ഭയപ്പെടുമ്പോള്‍. '

Sunday, January 2, 2011

പരോപകാരാര്‍ത്ഥം..

പുതുവത്സര പോസ്റ്റ്‌ 
                         
മലയാളം ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ അപ്പുവിന്റെ 'ആദ്യാക്ഷരി' ആണ് ഷാജി മുള്ളൂക്കാരന്റെ 'ഇന്ദ്രധനുസ്സ്' ( http://indradhanuss.blogspot.com/  ) ബ്ലോഗിലേക്കു നയിച്ചത്. പിന്നീട് മൂന്നു കോളമുള്ള ടെംപ്ലേറ്റ് വേണമെന്നു തോന്നിയപ്പോള്‍, എന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് കോപ്പി ,പേസ്റ്റില്‍ നിന്നു രക്ഷ വേണം എന്നു തോന്നിയപ്പോള്‍ ഓടി എത്തിയത് അവിടെ തന്നെ. നാളുകള്‍ കഴിഞ്ഞാണ് ബ്ലോഗര്‍.കോം  ഞാനാശിച്ച ടെംപ്ലേറ്റ് തന്നത്. കോപ്പി അടിയ്ക്കാനും മാത്രം മാഹാത്മ്യം എന്റെ പോസ്റ്റുകള്‍ക്കില്ല എന്ന് അപ്പോഴേയ്ക്കും എനിക്കു വിവരവും വച്ചിരുന്നു!

'എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു . ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസ ത്തോടെ ' ഷാജി മലയാളം ഇന്റര്‍നെറ്റ് ലോകത്തിനു നല്‍കുന്ന ഈ സ്‌നേഹസമ്മാനത്തില്‍ ബ്ലോഗ് എങ്ങനെ തുടങ്ങാം, ടെംപ്ലേറ്റുകള്‍, ബ്ലോഗ് ടിപ്‌സ് എന്നിങ്ങനെ മൂന്നായി തരം തിരിച്ച് വിഷയസൂചിക നല്‍കിയിട്ടുണ്ട്. നമുക്കു വേണ്ടവ തെരഞ്ഞെടുക്കാം.

ഷാജിക്ക് ബ്ലോഗുകള്‍ ആറ്. 'വര്‍ഷമോഹിനി'യില്‍ പ്രണയവും ഓര്‍മ്മത്തുണ്ടുകളും ആണ്. 'മേഘതീര്‍ത്ഥം' ഫോട്ടോകളെങ്കില്‍ 'നരിക്കോട്' സ്വന്തം ഗ്രാമത്തുടിപ്പാണ്. വളരെ പ്രയോജനകരമാണ് 'മലയാളം ടൈപ്പിംഗ് ടൂള്‍ '
(  http://malayalamonly.com/malayalam_tool/ml_type.html ). ' ente kEraLam ethra sundaram' ടൈപ്പു ചെയത്‌പ്പോള്‍ 'എന്റെ കേരളം, എത്ര സുന്ദരം' എന്നു സ് ക്രീനില്‍ തെളിഞ്ഞു. ke-കെ, kE- കേ, l-ല, L-ള എന്നിങ്ങനെ ഇത്തിരി ശ്രദ്ധിച്ചാല്‍ അക്ഷര പിശാചില്ലാതെ വേഗം ടൈപ്പു ചെയ്യാനാകും. മലയാളം പത്രങ്ങള്‍, മഷിത്തണ്ട് ഡിക്ഷണറി, വിക്കി മലയാളം എന്നിങ്ങനെ ഉപകാരപ്രദമായ ലിങ്കുകള്‍ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. 

ഗൂഗിള്‍ ബസ് ചര്‍ച്ചകളില്‍ ഞാന്‍ അത്ര ആക്ടീവ് ഒന്നുമല്ല, പക്ഷേ പലതും വായിക്കാറുണ്ട്. വിവരം വര്‍ദ്ധിക്കും, ചുറ്റും നടക്കുന്നതിനെ കുറിച്ച് അറിയാം.   ഷാജിയുടെ നവം 27 ലെ ബസില്‍ നിന്ന് കുറച്ചു ഭാഗം. (പ്രൊഫെല്‍- http://www.google.com/profiles/mullookkaaran#buzz) 

'സിയാബിനെ പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്നവനാണ് ഞാനും. സ്‌കൂളില്‍ പോകുന്ന കാലത്ത് ഉച്ചയ്ക്ക് കുഴല്‍ക്കിണര്‍ വെള്ളം മാത്രം കുടിച്ചും, ഫീസ് കൊടുക്കാന്‍ വാഹനങ്ങള്‍ കഴുകി പൈസ ഉണ്ടാക്കുകയും ചെയ്ത ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. സമാനമായ അവസ്ഥയിലൂടെ വളര്‍ന്നു വന്ന ആയിരക്കണക്കിന് പേരെ കാണിച്ചു തരാം. അങ്ങിനെ ഒക്കെ ആണ് വളര്‍ന്നു വന്നത് എന്നത് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള കാരണങ്ങളായി പറയാമോ?  '  ഒരിക്കലും പറ്റില്ല. മുണ്ടു മുറുക്കി ഉടുത്തു നേടിയ അറിവ് മറ്റുള്ളവര്‍ക്കും കൂടി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ഷാജിയ്ക്ക് മൂന്നു ചിയേഴ്‌സ്!

രാജ്യം ആക്രമിക്കുന്നവരെ സ്വാതന്ത്ര്യ പോരാളികളെന്നു വിളിച്ച പത്രവാര്‍ത്തയെ കുറിച്ച്, ചങ്ങമ്പുഴ ശതാബ്ദിയെ കുറിച്ച്, നിര്‍ബന്ധപൂര്‍വ്വം നമ്മുടെ മൊബൈലിലേക്ക് ഇടിച്ചുകയറുന്ന പരസ്യകോളുകളെ കുറിച്ച് എല്ലാം ഷാജിയുടെ ബസുകളില്‍ വായിക്കാം.

ഷാജിക്കും വായനക്കാര്‍ക്കും സര്‍വ്വായുരാരോഗ്യ സമ്പല്‍ സമൃദ്ധി നിറഞ്ഞ, ആഗ്രഹപൂര്‍ത്തീകരണത്തിന്റെ 2011 ആശംസിക്കുന്നതിനൊപ്പം പഴമയിലേക്കു തിരിഞ്ഞു നോക്കുന്ന രസകരമായ ഒരു ആംഗലേയ ഫോര്‍വേഡഡ് മെസേജില്‍ നിന്ന് അല്‍പ്പം-പഴയ തലമുറക്കാരോ നിങ്ങള്‍, എങ്കില്‍ ഇതു നിങ്ങളെ പറ്റിയാണ്.

'പുതുതലമുറ നമ്മെ പറ്റി എന്തും വിചാരിക്കട്ടെ, നമ്മള്‍ വിസ്മയമാണ്, നമ്മുടെ ജീവിതം അതിനു തെളിവാണ്! ഞങ്ങള്‍ കുപ്പികളില്‍ നിന്നല്ല, നേരേ ഗാര്‍ഡന്‍ ഹോസുകളില്‍ നിന്നു വെള്ളം കുടിച്ചു, ഒരേ സോഫ്റ്റ് ഡ്രിങ്ക കുപ്പി ഞങ്ങള്‍ നാലു പേര്‍ പങ്കിട്ടു, പക്ഷേ അത്ഭുതം, ഞങ്ങള്‍ ആരും രോഗബാധിതരായില്ല, മരിച്ചില്ല! പഞ്ചസാരയും വെണ്ണയും ചേര്‍ത്ത ധാരാളം പലഹാരം ഞങ്ങള്‍ കഴിച്ചു, പക്ഷേ ആരും അമിതവണ്ണം വച്ചില്ല. എന്തുകൊണ്ട്?

കാരണം, ഞങ്ങള്‍ എപ്പോഴും വീടിനു പുറത്താണു കളിച്ചിരുന്നത്, രാവിലെ നടന്നു സ്‌കൂളില്‍ പോയി, സ്‌കൂള്‍ വിട്ട് തെരുവുവിളക്കു തെളിയും വരെ കളിച്ചു, ഞങ്ങള്‍ പകല്‍ എവിടെയാണ് എന്നു മാതാപിതാക്കള്‍ക്ക് നിശ്ചയമില്ലായിരുന്നു, കാരണം ഞങ്ങള്‍ക്ക് സെല്‍  ഫോണുകള്‍ ഇല്ലായിരുന്നുവല്ലോ! മണിക്കൂറുകള്‍ ചെലവിട്ട് നാടന്‍ വണ്ടി ഉണ്ടാക്കി, വണ്ടി കുന്നില്‍ നിന്ന് ഉരുണ്ടുരുണ്ട് താഴെ പോയി ഇടിച്ചു നിന്നപ്പോഴാണ്് ബ്രേക്ക് വച്ചില്ല എന്നു ശ്രദ്ധിച്ചത്, അങ്ങനെ ബ്രേക്ക് വയ്ക്കണം എന്നു പഠിച്ചു.

ഞങ്ങള്‍ക്കു കളിക്കുവാന്‍ എക്‌സ് ബോക്‌സുകളോ കളി ഉപകരണങ്ങളോ വിഡിയോ ഗെയിംസോ ഇല്ലായിരുന്നു.150 ചാനല്‍ കേബിളോ ,ഡിവിഡികളോ, കംപ്യൂട്ടറുകളോ, ഇന്റര്‍നെറ്റോ ചാറ്റ് റൂമുകളോ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മരത്തില്‍ നിന്നു വീണു, എല്ലു പൊട്ടി, പല്ലു പൊട്ടി, പലപ്പോഴും മുതിര്‍ന്നവരില്‍ നിന്ന് കൈകൊണ്ടോ വടി കൊണ്ടോ തല്ലു കിട്ടി, പക്ഷേ ഞങ്ങളാരും ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചില്ല! ഞങ്ങള്‍ നിയമം തെറ്റിച്ചപ്പോള്‍ മാതാപിതാക്കള്‍ ഞങ്ങളുടെ പക്ഷത്തു നിന്നില്ല, പകരം അവര്‍ നിയമത്തിനൊപ്പം നിന്നു! സ്വാതന്ത്ര്യം, വിജയം പരാജയം, ചുമതലകള്‍ എല്ലാം വേണ്ടു വണ്ണം ഞങ്ങള്‍ കൈകാര്യം ചെയ്തു....... സ്ഥലപരിമിതിയാല്‍ നിര്‍ത്തുന്നു.
(ആത്മന്‍-മാതാപിതാക്കള്‍ എന്നതിന് പേരന്റ്‌സ് എന്ന പോലെ മലയാളത്തില്‍ ഒരു കുഞ്ഞു ഒറ്റവാക്കുണ്ടായിരുന്നെങ്കില്‍!)