Monday, December 27, 2010

വിവാഹം സ്വര്‍ഗ്ഗത്തിലോ?

(published 24.12.2010)
ഈയിടെ ഇന്റര്‍നെറ്റില്‍ ഒരു സൈറ്റില്‍ നിന്ന് മറ്റൊന്നിലേക്കു പറന്നു പറന്നു പോകവേ അവിചാരിതമായി തടഞ്ഞത് യാഹൂവിലെ ഒരു ചോദ്യോത്തര ചര്‍ച്ച. (ഒരാള്‍ ചോദ്യം ചോദിക്കും മറ്റുള്ളവര്‍ ഉത്തരം പറയും, ഏറ്റവും നല്ല ഉത്തരം, ചോദിക്കുന്ന ആള്‍ക്കു തെരഞ്ഞെടുക്കാം) വിവാഹം സ്വര്‍ഗ്ഗത്തിലെങ്കില്‍ മോചനം എങ്ങിനെ സംഭവിക്കുന്നു, എവിടെ നടക്കുന്നു? ചര്‍ച്ച അത്ര ബൃഹത്തൊന്നുമായിരുന്നില്ലെങ്കിലും ഈ ചോദ്യം എന്നെയും ചിന്തിപ്പിച്ചു. എങ്ങനെ എന്നതിന് ഒരു രസിക/ന്‍ പറഞ്ഞ ഉത്തരം അതു ദൈവത്തിന്റെ ഓഫീസ് സ്റ്റാഫിനു പറ്റുന്ന ഒരു പിഴവായിരിക്കും എന്നതാണ്!

ഒരിക്കല്‍ ശ്രീമതി. മാധവിക്കുട്ടി എഴുതിയതോര്‍ക്കുന്നു,  നമുക്ക് വളരെ അടുത്ത് രക്തബന്ധമുള്ള പലരേയും ഇഷ്ടപ്പെടാന്‍ ആയെന്നു വരില്ല, പക്ഷേ അവരില്‍ നിന്നൊന്നും ഒരു കടലാസിന്റെ ബലത്തില്‍ മോചനം നേടാനാവില്ലല്ലോ എന്ന്. വിവാഹമോചനം അസംബന്ധം എന്ന രീതിയിലാണ് അവര്‍ പറഞ്ഞത്- ഓര്‍മ്മയില്‍ നിന്ന് എഴുതുകയാണ്, ആശയം മാത്രം.ഇതേ വിഷയത്തില്‍ ശ്രീ. കെ. സുരേന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെ, കടലാസ് ഒപ്പിട്ടു എന്നു വച്ച് മനസ്സില്‍ നിന്നു നീക്കം ചെയ്യാനാവുമോ?ഒരിക്കലും ഒന്നിച്ചു പോവാനാവില്ലെങ്കില്‍ പിന്നെ നീറി നീറി ജീവിച്ചു ആയുസ്സു പാഴാക്കേണ്ടതുണ്ടോ എന്ന് ഇതിനൊരു മറുപുറവുമുണ്ട്. ശരിയേത്, തെറ്റേത്, ആര്‍ക്കറിയാം?

പ്രിവന്റീവ് മെയ്ന്റ്‌റനന്‍സ് ആണ് എപ്പോഴും ബ്രേക്ഡൗണ്‍ മെയ്ന്റനന്‍സിനേക്കാള്‍ അഭികാമ്യം എന്നതാണ് എന്റെ വിശ്വാസം. കാലത്തിന്റെ മാറ്റം അംഗീകരിക്കാതിരിക്കാനാവില്ല, എന്നാല്‍ ആ കുത്തൊഴുക്കില്‍ ജീവിതം ഒലിച്ചു പോകാതിരിക്കാന്‍ മുന്‍കരുതല്‍ ആവാം. പിന്നെ എല്ലാം വിധി പോലെ എന്നു സമാധാനിക്കാം. വിവാഹത്തിനു മുമ്പുള്ള കൗണ്‍സിലിംഗ് നേരത്തേ തന്നെ കൃസ്തുമതക്കാര്‍ നടപ്പിലാക്കിയിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ മറ്റു പലരും അതു ചെയ്യുന്നു ,എല്ലാ മതക്കാരും അതു കര്‍ശനമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. http://blogs. matrimonialsindia.com/ പോലെ സൈറ്റുകള്‍ ഇതിനുമുണ്ട്.

വിവാഹ കൗണ്‍സിലിംഗ് സൈറ്റുകള്‍ എത്ര വേണമെങ്കിലും ഉണ്ട്. വനിതകളുടെ ചങ്ങാതി, തത്വചിന്തക, വഴികാട്ടി എന്ന http://sitagita.com/  സൈറ്റ് എനിക്കു വളരെ ഇഷ്ടമാണ്.  അതിലെ ഇ-ലൈബ്രറിയില്‍ hot mantras to a marvellous marriage എന്നൊരു e-ബുക്കുണ്ട്. അത് സൗജന്യമായി ഡൗണ്‍ ലോഡു ചെയ്യാം. വിവാഹത്തിന്റെ അര്‍ത്ഥം, അടിസ്ഥാനം, സ്‌നേഹത്തിന്റെ ശക്തി, വിശ്വാസം, പരസ്പര ബഹുമാനം, അടുപ്പം വര്‍ദ്ധിപ്പിക്കല്‍ എന്നിങ്ങനെ 6 അദ്ധ്യായങ്ങളായി 49 പേജുള്ള ഈ പുസ്തകം സ്ത്രീപുരുഷഭേദമെന്യേ, വിവാഹിതര്‍/ അവിവാഹിതര്‍ ഭേദമെന്യേ എല്ലാ ചെറുപ്പക്കാര്‍ക്കും വായിക്കാം. ഇതിലുള്ള എല്ലാ e-പുസ്തകങ്ങളും വളരെ നല്ലതാണ്. സ്വയം നന്നാവാന്‍ സഹായിക്കുന്നവ. മറ്റുള്ളവരുടെ തെറ്റു കുറ്റങ്ങള്‍ ചൂണ്ടി കാണിക്കുന്നത്ര എളുപ്പമല്ലല്ലോ സ്വയം നന്നാവല്‍. അതിലെ തന്നെ Agony aunt നിത്യജീവിത പ്രശ്‌ന പരിഹാരങ്ങളാണ്. ഇനിയുള്ള കാര്യങ്ങള്‍ സൈറ്റു സന്ദര്‍ശിച്ച് ബോദ്ധ്യപ്പെടുക.

ടൈംസ് ഓഫ് ഇന്‍ഡ്യയുടെ 14.11.2010 ലെ e-പത്രത്തില്‍ റേച്ചല്‍ ഫെര്‍ണാണ്ടസിന്റെ does your marriage need counselling  എന്ന ലേഖനം കാര്യമാത്ര പ്രസക്തം. അതു പോലെ തന്നെ indiamarks.com ല്‍ നൊറീന്‍ എഴുതിയ The culture of arranged maariages in India എന്ന ലേഖനവും നന്ന്.
 
വിവാഹം മാത്രമല്ല, ഏതു തരം ബന്ധവും ഊഷ്മളമായി നിലനിര്‍ത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്, കലയാണ് . ഇണങ്ങാനുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി കാരണങ്ങള്‍ പിണങ്ങാന്‍ ഉണ്ട് ഇക്കാലത്ത്. രണ്ടു കൈ കൂട്ടി അടിച്ചാലല്ലേ ശബ്ദം കേള്‍ക്കൂ എന്നതു പോലെ ഇരുകൂട്ടരും കൈനീട്ടിയാല്‍ മാത്രമേ ഹസ്തദാനവും നടക്കൂ. ഇതു കൊണ്ടൊക്കെ ആവാം പല സൈറ്റുകളിലും റിലേഷന്‍ഷിപ്പ് എന്നൊരു വിഭാഗം പ്രത്യേകം ഉണ്ടാകും. സമയമുള്ളവര്‍ക്ക് snehithi.com, myslef.com , marriage.com ഇവയെല്ലാം നോക്കാം. പൊതുവേ എല്ലാ സൈറ്റുകളിലും പരസ്യങ്ങളുടെ അതിപ്രസരമുണ്ട്, ഒഴിവാക്കാനാവാത്ത അലോസരം!

 'അവിവാഹിതര്‍ നീണാള്‍ വാഴട്ടെ ' എന്ന ഈയിടെ കിട്ടിയ ഒരു ആംഗലേയ ഫോര്‍വേഡഡ് മെയിലില്‍ നിന്ന് -

ഒരാള്‍ തന്റെ അമ്മയുടെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് കാറിലേക്ക് മടങ്ങവേ, വളരെ തീഷ്ണമായി പ്രാര്‍ത്ഥിച്ച്  'നീ എന്തിനായി മരിച്ചു ' എന്ന് ഉള്ളില്‍ തട്ടി വികാരവിവശനായി  വിലപിക്കുന്ന ഒരാളെ കാണാനിടയായി. ഇയാളുടെ അടുത്തെത്തി സഹാനുഭൂതിയോടെ ഒന്നാമന്‍ അന്വേഷിച്ചു
 'സര്‍,  ഇത്രയധികം സങ്കടം ഒരാള്‍ അനുഭവിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. താങ്കള്‍ ആര്‍ക്കുവേണ്ടിയാണ് ഇത്രയധികം ദുഃഖിക്കുന്നത്, മരിച്ചു പോയ കുട്ടി, അച്ഛന്‍/അമ്മ ? ' അയാള്‍ ഒരു നിമിഷം വികാരം അടക്കി പറഞ്ഞു, 'എന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവ്! ' 

ഒന്നു കൂടി- എന്തു ചെയ്താലും അമ്മ ചെയ്യുന്നതു പോലാകുന്നില്ലെന്നു പരാതി പറയുന്ന കണവനെ കൊണ്ടു സഹി കെട്ട നവവധു ഇതിനൊരു പരിഹാരം ആലോചിച്ചു. പെട്ടന്ന് അവളുടെ തലയില്‍ വെളിച്ചം മിന്നി, ആഞ്ഞു കൊടുത്തു കവിളത്ത് ഒരു ചുട്ട അടി, അതേ, പണ്ട് മകന്‍ തെറ്റു ചെയ്യുമ്പോള്‍ അമ്മ കൊടുത്തിരുന്ന ആ അടി തന്നെ!

വാരികയില്‍ വരാത്തത്

വാല്‍കഷണം- വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നത് ബൈബിള്‍ വാക്യമാണോ ആവോ? ആണെങ്കില്‍  ഉല്‍പത്തി പുസ്തകത്തിലാവുമോ?

 
    

8 comments:

 1. എല്ലാം അമ്മ ചെയ്യുന്ന പോലാകുന്നുണ്ട്, സംശയമില്ല! എന്തായാലും ആ പുസ്തകം ഡൌൺ ലോഡ് ചെയ്യണം.

  ReplyDelete
 2. തമാശയും,കാര്യവും കൂട്ടിച്ചേര്‍ത്തെഴുതിയത് ഇഷ്ടമായി.ഓരോ ലക്കവും തീര്‍ത്തും വ്യത്യസ്തം ചേച്ചീ.അതിന് തീര്‍ച്ചയായും അഭിനന്ദിക്കാതെ വയ്യ..

  ReplyDelete
 3. ഒരോലക്കം കഴിയുന്തോറും കുടുതല്‍ വൈവിധ്യപൂര്‍ണ്ണമായ ഇന്റര്‍നെറ്റ് ലോകം വായനക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ കാണിക്കുന്ന ഉത്സാഹത്തിനു ആശംസകള്‍

  ReplyDelete
 4. പ്രസക്തമായ ലേഖനം.

  നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 5. നല്ല വര്‍ഷം ആശംസിക്കുന്നു. നല്ല പോസ്റ്റ്. www.shiro-mani.blogspot.com

  ReplyDelete
 6. ആഹാ, ഇത് വളരെ നന്നായല്ലോ.
  ഇഷ്ടപ്പെട്ടു.

  ReplyDelete