Friday, December 24, 2010

സമകാലികം

(published 17.12.2010- online link  )
ലംബാജി എന്ന അമിതാഭ്ജി അനേകരുടെ ആരാധനാപാത്രമായത് ആകാരഭംഗിയും ശബ്ദഗാംഭീര്യവും അഭിനയപാടവവും കൊണ്ടു മാത്രമായിരുന്നില്ല, മറിച്ച് കഥാപാത്രങ്ങള്‍ അനീതിക്കെതിരെ പോരാടുന്ന ' ക്ഷുഭിത യൗവ്വന'ങ്ങളായിരുന്നതുകൊണ്ടു കൂടിയാണ്. Angry  young man (ക്ഷോഭിക്കുന്ന യുവാവ്) ഇമേജ് അദ്ദഹത്തിനു നന്നായി ഇണങ്ങി.അനീതിക്കും അക്രമത്തിനും എതിരെ പടവാളെടുക്കണം, തിന്മയെ തോല്‍പ്പിച്ച് നന്മ വിജയിപ്പിക്കാന്‍ അക്ഷീണം പരിശ്രമിക്കണം യുവത്വം . മുന്‍പിന്‍ നോക്കാതെ പ്രതികരിക്കാന്‍ യൗവ്വനച്ചോരത്തിളപ്പിനു മാത്രമല്ലേ കഴിയൂ!

സമകാലികപ്രശ്‌നങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്നു എന്ന നിലയിലാണ് സിമി എന്ന ഫ്രാന്‍സിസ് നസ്രേത്ത്  ന്റെ  ഗൂഗിള്‍ ബസ ( പ്രൊഫൈല്‍- http://www.google.com/profiles/simynazareth#buzz  ) ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്. എടുത്തുചാട്ടമില്ല, മത-രാഷ്ട്രീയാന്ധതയില്ല, പകരം തനിക്കു ചുറ്റും കാണുന്നതെല്ലാം  പക്ഷം പിടിക്കാതെ, ബുദ്ധിശക്തി പണയം വയ്ക്കാതെ സത്യസന്ധമായി സമചിത്തതയോടെ നോക്കി കാണുന്നു.

നമ്മുടെ നാട് അഭിവൃദ്ധിപ്പെടണമെന്ന് ശരിക്കും ആഗ്രഹിക്കുന്നു, സിമി. അല്ലെങ്കില്‍ ബസിലും ബ്ലോഗിലുമുള്ള മലയാളികളായ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ദാ, ഇതു പോലൊരു ബസ് ഇറക്കുമായിരുന്നോ?

'കേരളം വികസിപ്പിക്കാന്‍ സര്‍ക്കാരിനുള്ള മൂന്നോ നാലോ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ ഈ ബസ്സില്‍ കമന്റായി ഇടുകയോ, അല്ലെങ്കില്‍ മെയിലയക്കുകയൊ ചെയ്യുക. ഇതില്‍ നിന്നും ഏറ്റവും നല്ല മൂന്നോ നാലോ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഹെമിങ്ങ്‌വേയുടെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകത്തിനൊപ്പം ഒന്നാം സമ്മാനം:501 രൂപ,രണ്ടാം സമ്മാനം:251 രൂപ,മൂന്നാം സമ്മാനം:101 രൂപ. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്  ഞാന്‍. (തല്‍ക്കാലം ഇത്രയും തുകയേ പറ്റൂ.)' തെരഞ്ഞെടുക്കപ്പെട്ടവ ഒന്നു രണ്ടു മന്ത്രിമാര്‍ക്കെങ്കലും അയച്ചു കൊടുക്കും എന്നും പാലിക്കപ്പെടാനായി തന്നെ സിമി വാഗ്ദാനവും ചെയ്യുന്നു!

സിമിയുടെ ബസുകളുടെ ടൈമിംഗും ആധികാരികതയുമാണ് മറ്റൊരു ആകര്‍ഷണം. മുമ്പേ പറക്കും പക്ഷികളാണ് പലപ്പോഴും ഇവ. റെഫറന്‍സ് ലിങ്കുകള്‍ കൊടുത്തിരിക്കും. എല്ലാം വായിച്ച് നമുക്ക് സ്വന്തമായ നിഗമനത്തിലെത്താം. കമന്റ് ചെയ്യുന്നവര്‍ തരുന്ന ലിങ്കുകള്‍ കൂടിയാകുമ്പോള്‍ പൂര്‍ണ്ണം. റാദിയ ടേപ്പ് പോസ്റ്റില്‍ നിന്നാണ് ഡോ.സുബ്രഹമണ്യം സ്വാമിയുടെ ഡെക്കാന്‍ ഹെറാള്‍ഡ് അഭിമുഖം ഞാന്‍ വായിച്ചത്. അദ്ദേഹത്തന്റെ Satyam, Spectrum, Sundaram എന്ന പുസ്തകത്തെക്കുറിച്ചറിഞ്ഞത്. നീരയോ ബര്‍ഖയോ അല്ല, ലോബീയിംഗിനു നിന്നു കൊടുത്തവരാണ് തെറ്റുകാര്‍ എന്നു സിമി പറയുമ്പോള്‍ യോജിക്കാതിരിക്കുന്നതെങ്ങനെ?

ഒരു കൈയ്യില്‍ ബിയര്‍ കാനും മറു കയ്യില്‍ സിഗററ്റും പിടിച്ചിരിക്കുന്ന യേശുവിന്റെ പടമുള്ള പാഠപുസ്തകത്തെ ചൊല്ലി മേഘാലയയിലുണ്ടായ വിവാദത്തെപ്പറ്റിയുള്ള ബിബിസി ന്യൂസ് ലിങ്ക് ഇട്ട് അതില്‍ പ്രതികരിച്ചത് കാണുക-

' എന്നാലും കര്‍ത്താവിന് ഈ ചിത്രം കണ്ടിട്ട് ഒരു അസഹിഷ്ണുതയും വേദനയും വരുമെന്ന് എനിക്കു തോന്നുന്നില്ല. പുള്ളി ഇതൊരു തമാശയായി എടുത്തോളും. സക്കറിയേടെ സൈക്കിളില്‍ ഡബ്ലിരുന്ന് ചൂളമടിച്ച് പാട്ടുംപാടിപ്പോയ കര്‍ത്താവാണ് നമ്മുടേത്. വിശ്വാസികള്‍ ഇടയ്ക്കിടെ പുതിയനിയമം വായിക്കുന്നതു നല്ലതാണ്. ഇത്തരം അലമ്പ് കേസും വഴക്കും ഒഴിവായിക്കിട്ടും.'

M.C.P. (അകത്തും പുറത്തും)- 'അരുന്ധതി റോയിയെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ വരുമ്പോള്‍ ചിന്തിക്കുന്നതാണ്, അരുന്ധതി റോയി ഒരു സ്ത്രീ ആയതുകൊണ്ടല്ലേ ഇതില്‍ കൂടുതല്‍ വിമര്‍ശനവും വരുന്നത്? മായാവതിയുടെ കൈക്കൂലിയെക്കുറിച്ചുള്ള നമ്മുടെ വേവലാതികള്‍ കരുണാനിധിയെ ക്കുറിച്ചുണ്ടോ?

നമുക്ക് രഞ്ജിനിയുടെ കൂസലില്ലായ്മ സഹിക്കാന്‍ വയ്യ. ഇതിനു പകരം ഒരു പുരുഷഅവതാരകനായിരുന്നെങ്കില്‍, പുള്ളി ഇംഗ്ലീഷ് ചുവച്ച് മലയാളം സംസാരിച്ചെങ്കില്‍, ഇത്രയും പരാതികളും പരിഭവങ്ങളും വരുമോ? ബര്‍ഖാ ദത്തിനെ ചീത്തവിളിക്കുന്നത്രയും ആരെങ്കിലും വീര്‍ സംഘ്‌വിയെ വിളിക്കാറുണ്ടോ?

M.C.P self test- ഇനി സ്ത്രീകളെ വിമര്‍ശിക്കേണ്ടി വരുമ്പോള്‍ പകരം ഏതെങ്കിലും പുരുഷനെ പ്രതിഷ്ഠിച്ചു നോക്കുക. ഉദാ: അരുന്ധതി റോയ്ക്കു പകരം ഒമാര്‍ അബ്ദുള്ള. ഇതേ വിമര്‍ശനം അപ്പൊഴും വരുന്നോ എന്നു നോക്കുക. ഇല്ലെങ്കില്‍ നിങ്ങളാരായി? '

ബീഹാര്‍ ഉണരുമ്പോള്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ശതമാനം എങ്ങനെ കുറയ്ക്കാം, നമ്മുടെ ഉള്ളിലെ ജാതിഭൂതം ഇങ്ങനെ മിയ്ക്ക ബസും വളരെ വിജ്ഞാനപ്രദമാണ്. ഇതിലെല്ലാം എന്തിരിക്കുന്നു, പത്രം വായിച്ചാല്‍ പോരേ, ടിവി കണ്ടാല്‍ പോരേ എന്നു തോന്നാം സ്വാഭാവികമായും. പോരാ ഈ ബസു തന്നെ വായിക്കണം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം എന്ന പോലെ തെരഞ്ഞു ബുദ്ധിമുട്ടാതെ വാര്‍ത്ത കൃത്യസമയത്തു വിരല്‍തുമ്പിലെത്തും, ഒപ്പം അതുമായി ബന്ധപ്പെട്ട സകല ലിങ്കുകളും. ഇങ്ങനെ സ്പൂണ്‍ഫീഡ് ചെയ്ത് വേറേ എവിടെയാണ് വാര്‍ത്തകള്‍ കിട്ടുക?

സിമിയുടെ ബ്ലോഗ് ( http://simynazareth.blogspot.com/  ) കഥകള്‍ 'ചിലന്തി' എന്ന പുസ്തകമായി ഇറങ്ങി കഴിഞ്ഞതാണ്. സിമി ഇനിയും വിവരവര്‍ദ്ധിനി ബസുകള്‍ ഇറക്കട്ടെ.ബ്ലോഗില്‍ കഥകളും എഴുതട്ടെ!

6 comments:

 1. ബസ്സിലേക്ക് കയറിപറ്റുമ്പോൾ ശ്രദ്ധിക്കുക,
  ഒരു നീണ്ട യാത്രയ്ക്ക് പറ്റിയതാണോ ബസ്സ് എന്ന് സംശയമുണ്ട്. മുന്തിയ ക്വാളിറ്റിയിലുള്ളതുണ്ടെങ്കിലും...
  ലംബാജി ആണോ അതോ ലംബൂ ജി യോ ?

  ReplyDelete
 2. Yes, about buzz, You are right, Kalavallabhan.I'm more of a reader in buzz.I think it's Lambaji itself, meaning tall fellow.

  ReplyDelete
 3. സിമിയുടെ ബ്ലോഗ് വായിച്ചിട്ടുണ്ട്. ബസ്സ് അത്രയധികം കണ്ടിട്ടില്ല. :)

  ReplyDelete
 4. ബസ്സിൽ കയറാത്തയാളാണ് ഞാൻ. സിമിയുടെ ബസിന്റെ ഒരു നിലവാരം മൈത്രേയി തന്ന സാമ്പിളുകളിൽ നിന്ന് വ്യക്തമാണ്, മൂപ്പരെ ഒന്നു തിരക്കി നോക്കാം. നല്ല കുറിപ്പ്!

  ReplyDelete
 5. നല്ല ഒരു പരിചയപ്പെടുത്തലുനു നന്ദി. (ലംബൂജിയാണു ശരി. ഹിന്ദിക്കാരുടെ സ്റ്റൈൽ അതല്ലേ. ഛോട്ടൂ, ലംബൂ, മല്ലൂ.. അങ്ങനെ)

  ReplyDelete
 6. സിമിയെ കണ്ടു.
  വായിക്കുന്നേയുള്ളൂ. വായിച്ചേടത്തോളം ഇഷ്ടമായി.

  ReplyDelete